
വാഷിംഗ്ടണ്‍ ഡിസി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നിലപാട് മാറ്റത്തിനു പിന്നാലെ വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ യുക്രെയ്‌നിലെ യുദ്ധത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു സമാധാന കരാറോ വെടിനിര്‍ത്തല്‍ കരാറോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.
യൂറോപ്പിനെ പ്രതിനിധീകരിച്ചാണ് മാക്രോണ്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച നടത്തിയത്. യൂറോപ്യന്‍ യൂണിയനെയോ യുക്രെയ്ന്‍ പ്രതിനിധികളെയോ ഉള്‍പ്പെടുത്താതെ റഷ്യയും അമേരിക്കയും സൗദി അറേബ്യയില്‍ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ഒരു യോഗം നടത്തിയിരുന്നു. ഇതിലെ ആശങ്ക പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച പാരീസില്‍ യൂറോപ്യന്‍ യൂണിയന്റെ ഉന്നത നേതാക്കളുമായി മാക്രോണും ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ട്രംപിനെ കണ്ടത്.
മൂന്ന് വര്‍ഷം നീണ്ടുനിന്ന യുക്രെയ്ന്‍ യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞതായി മാക്രോണ്‍ അറിയിച്ചു. യുക്രെയ്‌നുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് ട്രംപിന്റെ വരവിനെ ‘ഗെയിം-ചേഞ്ചര്‍’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് വിളിച്ചത്. എന്നാല്‍, മോസ്‌കോയുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തിടുക്കം കൂട്ടരുതെന്ന് മാക്രോണ്‍ യുഎസ് പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കി. ‘2014-ല്‍, റഷ്യയുമായി ഞങ്ങള്‍ക്ക് ഒരു സമാധാന കരാര്‍ ഉണ്ടായിരുന്നു. വെടിനിര്‍ത്തല്‍ തുടരാന്‍ ജര്‍മ്മന്‍ പ്രതിനിധിയോടൊപ്പം രണ്ട് അംഗങ്ങളില്‍ ഒരാളായിരുന്നു ഞാന്‍ എന്നതിനാല്‍, വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. റഷ്യ ഓരോ തവണയും ഗുരുതരമായി കരാര്‍ ലംഘിച്ചു. റഷ്യ ഇത് വീണ്ടും ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം.” അദ്ദേഹം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിന് ഒരു ക്രമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം, യുഎസും റഷ്യയും തമ്മില്‍ ഒരു ചര്‍ച്ചയും പിന്നീട് യുഎസും യുക്രെയ്‌നും തമ്മില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരിക്കണം. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ഒരു ഹ്രസ്വകാല കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചു – ഇത് വളരെ പ്രധാനമാണ്.- മാക്രോണ്‍ പറഞ്ഞു.