
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസ് പൗരന്മാരെ നാടുകടത്തി വിദേശ ജയിലുകളില്‍ അടയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് പൗരന്മാരെ എല്‍ സാല്‍വഡോറിലെ ജയിലുകളിലേക്ക് തടങ്കലില്‍ വയ്ക്കാനും നാടുകടത്താനുമുള്ള ഒരു നിര്‍ദ്ദേശം ട്രംപ് ഭരണകൂടം പരിശോധിച്ചുവരികയാണെന്നും, അതിനായി നിയമസാധുതയെയും ഭരണഘടനാപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ചര്‍ച്ചയും തുടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.
മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിന്റെ പ്രസിഡന്റ് നയിബ് ബുകെലെയുമായി ഇതേക്കുറിച്ച് ട്രംപ് സംസാരിക്കുകയും തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കൂടുതല്‍ ജയില്‍ സ്ഥലം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ‘സ്വദേശി കുറ്റവാളികളെ’ എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധമായ CECOT മെഗാ ജയിലിലേക്ക് അയയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചു. ‘സ്വദേശികളെയാണ് അടുത്തതായി എല്‍ സാല്‍വഡോറിലെ ജയിലുകളിലേക്ക് അടയ്ക്കാനുള്ളതെന്നും നിങ്ങള്‍ ഏകദേശം അഞ്ച് ജയിലിടങ്ങള്‍ക്കൂടി നിര്‍മ്മിക്കേണ്ടതുണ്ടെന്നും’ ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, നിയമപരമായി പരിഗണിക്കപ്പെട്ടാല്‍ മാത്രമേ തന്റെ ഭരണകൂടം ഈ ആശയം പിന്തുടരുകയുള്ളൂ എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
‘നമ്മള്‍ എപ്പോഴും നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്, പക്ഷേ നമ്മുടെ നാട്ടില്‍ വളരുന്ന കുറ്റവാളികളും നമുക്കുണ്ടെന്നും, അവര്‍ രാക്ഷസന്മാരാണെന്നും ട്രംപ് പറയുന്നു. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അക്രമാസക്തരായവരെയാണ് എല്‍ സാല്‍വഡോറിലേക്ക് അയയ്ക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നത്.
അതേസമയം, യുഎസ് പൗരന്മാരെ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് നിയമ വിദഗദ്ധര്‍ വാദിക്കുന്നു. എന്നാല്‍,
എല്‍ സാല്‍വഡോറിന്റെ പ്രസിഡന്റ് ബുകെലെ തന്റെ രാജ്യത്തെ ജയിലുകളില്‍ യുഎസ് പൗരന്മാരെ പാര്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ നീക്കം കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമാകുമെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അഭിപ്രായപ്പെട്ടത്.