
വാഷിങ്ടന്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കാനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും ഉള്‍പ്പെടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്. നരേന്ദ്രമോദി ഉറ്റ ചങ്ങാതിയെന്ന് പറയുമ്പോഴും ഇന്ത്യയ്ക്കു തീരുവകളില്‍ ഇളവ് നല്‍കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസിന്റെ പരസ്പര താരിഫുകളില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നല്‍കാമെന്ന വാഗ്ദാനം ഇതുവരെ നല്‍കിയിട്ടില്ലെന്നും ചൊവ്വാഴ്ച ഇലോണ്‍ മസ്‌കുമായുള്ള സംയുക്ത ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഫാര്‍മസ്യൂട്ടിക്കല്‍സ്, കാറുകള്‍, ചിപ്പുകള്‍ എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുന്‍പോ പുതിയ നികുതികള്‍ നടപ്പിലാക്കുമെന്നാണ് ട്രംപ് സൂചന നല്‍കുന്നത്. മാര്‍ച്ച് 12 മുതല്‍ മുഴുവന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താന്‍ യുഎസ് തുടങ്ങും.
”യുഎസില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ ഒരു തീരുവയും നല്‍കേണ്ടതില്ല, ഇതുവഴി നമ്മുടെ ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളര്‍ വരുമാനം എത്തും”, ട്രംപ് ചൂണ്ടിക്കാട്ടി. തീരുവ സംബന്ധിച്ച തന്റെ നടപടികള്‍ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.