വാഷിങ്ടൻ: ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെ ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിച്ചു. ട്രംപിന്റെ സ്വകാര്യ വിമാനത്തിലാണ് തലസ്ഥാനമായ നുക്കിൽ ജൂനിയർ ട്രംപ് എത്തിയത്. തുടർന്നുണ്ടായ ഊഹാപോഹങ്ങൾക്ക് അദ്ദേഹം തന്റെ പോഡ്കാസ്റ്റിൽ മറുപടി നൽകി. താൻ ഗ്രീൻലാൻഡ് വാങ്ങാൻ പോകുന്നില്ലെന്നും ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റല്ല ട്രംപെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ 17–ാം പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ 1860 കളിൽ ഈ നിർദേശം കൊണ്ടുവന്നിരുന്നു. ധാതുസമ്പത്തിൽ സവിശേഷവും യുഎസ് സൈനികതാവളം സ്ഥിതിചെയ്യുന്നതുകൊണ്ട് തന്ത്രപ്രധാനവുമായ ഗ്രീൻലാൻഡ് വഴി പോയാൽ യുഎസിൽനിന്ന് യൂറോപ്പിലെത്താനുള്ള ദൂരവും കുറയുമെന്നും ജൂനിയർ ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡിനെ സ്വന്തമാക്കേണ്ടത് യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു.
പിന്നാലെ രാജ്യം വിൽപ്പനക്ക് വച്ചിരിക്കുകയല്ലെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. വിവാദങ്ങൾ കത്തിനിൽക്കെയാണ് ട്രംപ് ജൂനിയറിന്റെ സന്ദർശനം.