വമ്പൻ നയതന്ത്ര നീക്കവുമായി ട്രംപ്; പലസ്തീനികൾക്ക് പിന്തുണ അറിയിച്ച ചരിത്രമുള്ള ഹാംട്രാംക്ക് മേയർ കുവൈത്ത് സ്ഥാനപതി

വാഷിംഗ്ടൺ: ഹാംട്രാംക്ക് മേയർ അമർ ഗാലിബിനെ കുവൈത്തിലലെ അമേരിക്കൻ അംബാസഡറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രഖ്യാപനം വന്നത്. ഗാലിബിന്റെ നിയമനത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, മിഷിഗണിലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഗാലിബ് മികച്ച രീതിയിൽ പ്രവർത്തനം നടത്തിയതെന്നും ട്രംപ് പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഗാലിബ്, കുവൈത്തിൽ അമേരിക്കയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യമനിൽ ജനിച്ച ഗാലിബ്, 2021ലാണ് ഹാംട്രാംക്കിന്റെ ആദ്യ അറബ്-അമേരിക്കൻ, മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. നഗരത്തിലെ ആദ്യ അറബ് മേയറെന്ന ചരിത്ര നേട്ടത്തിന് പുറമേ, ഗാലിബിന്റെ ഭരണത്തിൻ കീഴിൽ ഹാംട്രാംക്ക് ആദ്യമായി ഒരു പൂർണ്ണ മുസ്ലിം സിറ്റി കൗൺസിലിനും സാക്ഷ്യം വഹിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിനായി ശക്തമായ പിന്തുണയാണ് ഗാലിബ് നൽകിയത്. പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

2023 ഡിസംബറിൽ പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് നഗരത്തിലെ ഒരു തെരുവിന് ‘പലസ്തീൻ അവന്യൂ’ എന്ന് പേര് നൽകാനും ഗാലിബിന്റെ നേതൃത്വത്തിൽ ഹംട്രാംക്ക് സിറ്റി കൗൺസിൽ തീരുമാനം എടുത്തിരുന്നു. തെരുവിന്റെ പേര് മാറ്റുന്നത് ഹാംട്രാംക്ക് സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകാത്മക നടപടിയെന്നാണ് കൗൺസിൽ യോഗത്തിൽ ഗാലിബ് വിശദീകരിച്ചു. ഗാലിബിനെ കൂടാതെ, ഡ്യൂക്ക് ബുച്ചാൻ മൂന്നാമനെ മൊറോക്കോയിലേക്കും മിഷേൽ ഇസ്സയെ ലെബനാനിലേക്കും സ്ഥാനപതിമാരായി ട്രംപ് നിയമിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide