വിജയം ആഘോഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ‘ഔദ്യോഗിക മീം’ പങ്കുവെച്ച് ട്രംപ്‌, അക്കൗണ്ട് ഹാക്ക് ആയോ എന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ കഴിഞ്ഞാല്‍ പിന്നെ താരം മീമുകളാണ്. എന്ത് സംഭവം ഉണ്ടായാലും ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മീമുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടാറുമുണ്ട്. എന്നാലിതാ ട്രന്‍ഡിനൊപ്പം താനുമെന്ന് പറയാതെ പറഞ്ഞ് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തി.

വമ്പന്‍ ഭൂരിപക്ഷത്തില്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണ്‍ഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ ഒരു ‘ഔദ്യോഗിക മീം’ പങ്കുവെച്ചു. നിമിഷങ്ങള്‍ക്കൊണ്ടാണ് മീം ആളുകള്‍ ഏറ്റെടുത്തത്. മുഷ്ടിചുരുട്ടി നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഫൈറ്റ് ഫൈറ്റ് ഫൈറ്റ് എന്നെഴുതിയ മീമാണ് ട്രംപ് പങ്കുവെച്ചത്.

‘എന്റെ പുതിയ ഔദ്യോഗിക ട്രംപ് മീം ഇതാ! നമ്മള്‍ നിലകൊള്ളുന്ന എല്ലാത്തിനും ആഘോഷിക്കാനുള്ള സമയമാണിത്: വിജയം! എന്റെ വളരെ പ്രത്യേക ട്രംപ് കമ്മ്യൂണിറ്റിയില്‍ ചേരുക. ഇപ്പോള്‍ നിങ്ങളുടെ ‘ട്രംപ് ഡോളര്‍’ നേടൂ. http://gettrumpmemes.com സന്ദര്‍ശിക്കുക ആസ്വദിക്കൂ!’- എന്നാണ് എക്സിലെ ഒരു പോസ്റ്റില്‍ ട്രംപ് മീമിനൊപ്പം എഴുതിയത്. പോസ്റ്റിന് മറുപടിയായി സ്വന്തമായുണ്ടാക്കിയ മീമുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വലിയ പ്രതികരണമാണ് നടത്തുന്നത്.

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങളാണ്. ട്രംപും അനുകൂലികളും തികഞ്ഞ ആവേശത്തിലുമാണ്. അവര്‍ക്കിടയിലേക്കാണ് പുതിയ മീം എത്തിയത്. അതേസമയം, ട്രംപിന്റെ അക്കൗണ്ട് ഹാക്ക് ആയോയെന്നും മീം കോയിന്‍ നേടാന്‍ മറ്റൊരു ലിങ്കിലേക്ക് കടക്കേണ്ടതിനെ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തി.

പോസ്റ്റ് എത്തി നാല് മണിക്കൂറിലധികം പിന്നിടുമ്പോള്‍ 16.2 ദശലക്ഷം വ്യൂസ് നേടിയിട്ടുണ്ട്. എക്‌സ് പോസ്റ്റില്‍ ലിങ്ക് ചെയ്തിരിക്കുന്ന വെബ്സൈറ്റ് അനുസരിച്ച്, ക്രിപ്‌റ്റോ കോയിന്‍ രൂപത്തിലുള്ള ‘$TRUMP’ ഇപ്പോള്‍ ബ്ലോക്ക്‌ചെയിനില്‍ സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. മീം ഒരു മീം നാണയവുമായി ലിങ്ക് ചെയ്തിരിക്കാമെന്നും ഊഹാപോഹങ്ങളുണ്ട്. പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധശ്രമത്തില്‍ ‘മരണം’ നേരിട്ടതിന് ശേഷമുള്ള ട്രംപിന്റെ ശക്തിയും ധൈര്യവും മീമിലെ ചിത്രം കാണിക്കുന്നുവെന്ന് മീമിനൊപ്പം ട്രംപ് പങ്കുവെച്ച വെബ്സൈറ്റ് അവകാശപ്പെട്ടു.

‘2024 ജൂലൈ 13 ന്, പ്രസിഡന്റ് ട്രംപ് മരണത്തെ അഭിമുഖീകരിച്ചു, പോരാടി! ട്രംപ് ഒരു നേതാവ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ശക്തിയും ധൈര്യവും ഒരു പ്രസ്ഥാനത്തിന് ശക്തി നല്‍കി, നൂറ്റാണ്ടിലെ ഏറ്റവും അവിസ്മരണീയമായ മീമായി ഇതുമാറി. ഇപ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ചരിത്രത്തിന്റെ ഒരു ഭാഗം ലഭിക്കും. ‘എന്തൊരു പ്രതിസന്ധി വന്നാലും പിന്മാറാത്ത ഒരു നേതാവിനെയാണ് ഈ ട്രംപ് മീം ആഘോഷിക്കുന്നത്. ട്രംപ് കമ്മ്യൂണിറ്റിയില്‍ ചേരൂ, പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി പോരാടാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്,’ -സൈറ്റിലേക്കെത്തുമ്പോള്‍ ഇതാണ് കാണാനാകുക.

More Stories from this section

family-dental
witywide