
വാഷിങ്ടൻ: മെക്സിക്കോയുമായുള്ള അതിർത്തി അടച്ച് യു എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. ‘‘ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു’’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന 1,951 മൈൽ നീളമുള്ള യുഎസ്-മെക്സിക്കോ അതിർത്തി. നഗരപ്രദേശങ്ങൾ, മരുഭൂമികൾ, ദുർഘടമായ ഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് അതിർത്തി കടന്നുപോകുന്നത്, ഇത് കൈകാര്യം ചെയ്യാൻ സങ്കീർണ്ണമായ ഒരു പ്രദേശമാക്കി മാറ്റുന്നു. ഏകദേശം 700 മൈൽ വേലി സ്ഥാപിച്ചിട്ടുണ്ട്, കൂടുതൽ അതിർത്തി സുരക്ഷാ നടപടികൾ രാഷ്ട്രീയ ചർച്ചാ വിഷയമായി തുടരുന്നു.
അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി യുഎസ് കരാറൊപ്പിട്ടതിനു ആഴ്ചകൾക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിർത്തിയിൽ 10,000 സൈനികരെക്കൂടി മെക്സിക്കോ അധികമായി വിന്യസിക്കുമെന്നും വ്യാപാര വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും ഫെബ്രുവരി ആദ്യം ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് മെക്സിക്കോ അതിർത്തി സുരക്ഷിതമാക്കാൻ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നു.
യുഎസ് കുടിയേറ്റ നയങ്ങളിലും ദേശീയ സുരക്ഷയിലും മെക്സിക്കൻ അതിർത്തി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ നിയമപരമായി അതിർത്തി കടക്കുന്നവരാണ്. കാലിഫോർണിയ, അരിസോണ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നിവിടങ്ങളിലെ അതിർത്തി കൗണ്ടികളിൽ താമസിക്കുന്ന 19 ദശലക്ഷം ആളുകൾ ഈ പ്രദേശത്തുണ്ട്,ട്രംപിൻ്റെ പുതിയ നയം പ്രാദേശിക സമൂഹങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നമായി മാറും.
Trump ordered to close US – Mexico border