
വാഷിംഗ്ടണ്‍ ഡി സി : അനധികൃത കുടിയേറ്റക്കാരെ തുരത്തുന്നതിന്റെ ഭാഗമായി നയങ്ങള്‍ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കുള്ള പൊതു ആനുകൂല്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്താന്‍ ട്രംപ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനധികൃത കുടിയേറ്റക്കാര്‍ക്ക് നികുതിദായകരുടെ ഫണ്ട് രഹസ്യ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു.
ഈ നയം പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ ലാഭിക്കുമെന്നാണ് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് (സിഐഎസ്) പ്രകാരം, ഒരു ദശലക്ഷം അനധികൃത കുടിയേറ്റക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കാന്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 3 ബില്യണ്‍ ഡോളര്‍ അധിക ചിലവാകും.
‘രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലെ അനധികൃതമായി താമസിക്കുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുവിഭവങ്ങളെ ആശ്രയിക്കരുത് എന്നതാണ് ദേശീയ നയമെന്നും, പൊതു ആനുകൂല്യങ്ങള്‍ നേടി നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം നല്‍കാതിരിക്കുന്നത് നിര്‍ബന്ധിത സര്‍ക്കാര്‍ താല്‍പ്പര്യമാണെന്നും’ ഉത്തരവില്‍ പറയുന്നു.