
വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് നടപ്പിലാക്കുന്ന ചെലവു ചുരുക്കൽ നടപടികളിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചെലവ് ചുരുക്കലുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകളും വെട്ടിക്കുറയ്ക്കലുകളും ഒക്കെ ശ്രദ്ധാപൂർവം മാത്രമേ ചെയ്യാവൂ എന്ന് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
ഡോജും മസ്‌കും അതിശയകരമായാണ് ജോലി ചെയ്യുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഡോജുമായി ചേർന്ന് പ്രവർത്തിക്കാൻ സെക്രട്ടറിമാർക്കും നേതൃത്വത്തിനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മസ്‌കിനല്ല മന്ത്രിസഭയ്ക്കാണ് വിവിധ വകുപ്പുകളുടെ ചുമതലയെന്നുള്ള കാര്യവും ട്രംപ് അറിയിച്ചിട്ടുണ്ട്.
പിരിച്ചുവിടൽ, വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്ക് മസ്‌കിന് ശുപാർശ ചെയ്യാൻ സാധിക്കും. എന്നാൽ അത് നടപ്പിലാക്കാൻ അവകാശമില്ല. എത്ര പേരെയാണ് കുറയ്‌ക്കേണ്ടതെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. എന്നാൽ മികച്ചതും ഉത്പാദനക്ഷമതയുള്ളതുമായ ഉദ്യോഗസ്ഥരെ നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡോജിനെ കുറിച്ചുള്ള മന്ത്രിസഭാ യോഗങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.