
വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസില്‍ ട്രംപ് ആധിപത്യം തുടരുന്നു. ഇപ്പോഴിതാ, വൈറ്റ് ഹൗസിന്റെ വലിയ പ്രവേശന ഹാളില്‍ ഉണ്ടായിരുന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗിക ഛായാചിത്രം മാറ്റി പകരം സ്വന്തം ചിത്രം വെച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട തന്റെ ചിത്രമാണ് ട്രംപ് സ്ഥാപിച്ചത്.
പെന്‍സില്‍വാനിയയിലെ റാലിക്കിടെ വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപ് വെടിയേറ്റ ചെവിയില്‍ നിന്ന് ചോരയൊഴുകുമ്പോഴും മുഷ്ടി ചുരുക്കി ധീരപരിവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് വൈറ്റ് ഹൗസില്‍ ഇടംപിടിച്ചത്.
Some new artwork at the White House 👀 pic.twitter.com/l6u5u7k82T
— The White House (@WhiteHouse) April 11, 2025
78 കാരനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്, 2022 ല്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അനാച്ഛാദനം ചെയ്ത ഒബാമയുടെ ഛായാചിത്രം, മുമ്പ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ ഛായാചിത്രം സ്ഥാപിച്ചിരുന്ന ഒരു പുതിയ സ്ഥലത്തേക്കാണ് മാറ്റിയത്. ബുഷിന്റെ ഛായാചിത്രം മറ്റൊരിടത്തേക്കും മാറ്റി. ‘വൈറ്റ് ഹൗസില്‍ ചില പുതിയ കലാസൃഷ്ടികള്‍’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒരു ഹ്രസ്വ വീഡിയോയിലൂടെ വൈറ്റ് ഹൗസ് തന്നെയാണ് ഈ മാറ്റം പുറത്തറിയിച്ചത്
പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന വധശ്രമത്തിന് തൊട്ടുപിന്നാലെ, മുഷ്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ട്രംപിന്റെ പുതിയചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അദ്ദേഹത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു നിര്‍ണായക നിമിഷമായി മാറിയ സംഭവംകൂടിയായിരുന്നു അത്.
2016 ലെ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ട്രംപും ഒബാമയും തമ്മിലുള്ള ദീര്‍ഘകാല ശത്രുതയെ ഈ നീക്കം എടുത്തുകാണിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.