
വാഷിഗ്ടണ്‍ : ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ കോടീശ്വരനായ എലോണ്‍ മസ്‌കിന്റെ നാലുവയസുകാരന്‍ മകന്‍വരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പണികൊടുത്തു. മറ്റുള്ളവര്‍ക്ക് രസകരവും എന്നാല്‍ ട്രംപിനടക്കം അങ്ങേയറ്റം അരോചവുമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം ഉണ്ടായത്.
കഴിഞ്ഞദിവസം മസ്‌ക് തന്റെ മകന്‍ എക്‌സുമായി (X AE A-XII Musk) പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിലേക്ക് എത്തിയിരുന്നു. മസ്‌ക് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ, കുട്ടി ട്രംപിന് സമീപം നിന്ന് എന്തൊക്കെയോ പിറുപിറുക്കുകയും ട്രംപിനോട് ഇടയ്ക്കിടെ കലപിലാന്ന് സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. ട്രംപിനോട് നിങ്ങള്‍ പ്രസിഡന്റല്ലെന്നും വായടച്ച് മിണ്ടാതിരിക്കൂ എന്നും കുട്ടി പറഞ്ഞതായിപ്പോലും ചര്‍ച്ചകള്‍ വന്നു. എന്നാല്‍ അതിലും രസകരമായ മറ്റൊരു സംഭവമാണ് കുട്ടി എക്‌സ് കാട്ടിക്കൂട്ടിയത്.
അഛന്‍ മസ്‌ക് സംസാരിക്കുമ്പോള്‍ എക്‌സ് ട്രംപിന്റെ മേശയ്ക്കരുകില്‍ നില്‍ക്കുകയായിരുന്നു. കുട്ടി മൂക്കില്‍ വിരലിടുകയും അല്‍പം കഴിഞ്ഞ് വിരല്‍ മേശയില്‍ തുടയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കാനും നെറ്റിസണ്‍സ് ചര്‍ച്ചയാക്കാനും അധികം വൈകിയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിലൊന്നും തീര്‍ന്നില്ല കാര്യങ്ങള്‍. സംഭവം ചര്‍ച്ചയായതോടെ മേശമാറ്റിയിരിക്കുകയാണ് ട്രംപ്. 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് മേശയ്ക്ക് പകരം ഒരു സി & ഒ ഡെസ്‌ക് സ്ഥാപിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊതു താത്ക്കാലിക മാറ്റമാണെന്നാണ് ട്രംപ് നല്‍കുന്ന വിശദീകരണം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പുതിയ മേശയുള്ള ഓവല്‍ ഓഫീസിന്റെ ചിത്രവും പങ്കിട്ടു.
പോസ്റ്റിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ ട്രംപ് ഇങ്ങനെ എഴുതിയിരുന്നു, ‘തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രസിഡന്റിന് 7 ഡെസ്‌കുകളില്‍ 1 എണ്ണം തിരഞ്ഞെടുക്കാന്‍ കഴിയും. ഈ മേശ, ‘സി & ഒ’, ഇത് വളരെ അറിയപ്പെടുന്നതും പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്നതുമാണ്. വൈറ്റ് ഹൗസില്‍ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുണ്ട്. അതേസമയം റെസല്യൂട്ട് ഡെസ്‌ക് ചെറുതായൊന്ന് പുതുക്കിപ്പണിയുന്നു – വളരെ പ്രധാനപ്പെട്ട ഒരു ജോലി. ഇത് മനോഹരമായ, പക്ഷേ താല്‍ക്കാലികമായ ഒരു പകരക്കാരനാണ്!
താനൊരു രോഗാണുവിരുദ്ധനാണെന്ന് മുമ്പ് സ്വയം വിശേഷിപ്പിച്ച ഡോണള്‍ഡ് ട്രംപിന് മറ്റുവഴിയില്ലല്ലോ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മസ്‌കിന്റെ മകന്റെ പ്രവൃത്തികൊണ്ടാണോ ഈ ‘മേശമാറ്റം’ എന്നതും വ്യക്തമല്ല. എന്തായാലും ഇതുരണ്ടും ചേര്‍ത്തുവായിക്കുകയാണ് പലരും.