
വാഷിംഗ്ടൺ: കാറുകൾ ഉൾപ്പെടെയുള്ള വ്യാവസായിക ഉൽപ്പന്നങ്ങളെ തീരുവയിൽ നിന്ന് ഒഴിവാക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “യൂറോപ്യൻ യൂണിയൻ ഞങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. ജപ്പാനെപ്പോലെ അവർ ഞങ്ങളുടെ കാറുകൾ എടുക്കുന്നില്ല, ഞങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങളും അവർ എടുക്കുന്നില്ല. പ്രായോഗികമായി അവർ ഒന്നും എടുക്കുന്നില്ല,” ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച, ട്രംപ് യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. കാറുകൾക്കും മറ്റ് വ്യാവസായിക ഉൽപ്പന്നങ്ങൾക്കും ഉഭയകക്ഷി തീരുവ ഒഴിവാക്കാനുള്ള യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌ന്‍റെ നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. “വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് ഞങ്ങൾ പൂജ്യം തീരുവ നിർദ്ദേശിച്ചിട്ടുണ്ട്… അമേരിക്കയുമായി നല്ലൊരു കരാർ ഉണ്ടാക്കാൻ യൂറോപ്പ് എപ്പോഴും തയ്യാറാണ്,” ബ്രസ്സൽസിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഒപ്പം ട്രംപിന്റെ വ്യാപാര നീക്കത്തിനെതിരെ പ്രതിരോധ നടപടികളുമായി പ്രതികരിക്കാനും ഞങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഞങ്ങൾ തയ്യാറാണെന്നും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു.