വാഷിംഗ്ടൺ: യുഎൻ മനുഷ്യാവകാശ സമിതിയിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. പലസ്തീൻ അഭയാർഥികളെ സഹായിക്കുന്ന യുഎൻ ഏജൻസിക്കുള്ള ധനസഹായം യുഎസ് പുനരാരംഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ജോ ബൈഡൻ ഭരണകൂടം കഴിഞ്ഞ വർഷം ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിൻമാറിയിരുന്നു.
2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് തീവ്രവാദികൾക്ക് പലസ്തീൻ അഭയം നൽകിയതായി ഇസ്രയേൽ ആരോപിച്ചതിനെ തുടർന്നായിരുന്നു അന്ന് ഈ പിന്മാറ്റം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുഎന്നിൻ്റെ പതിവ് പ്രവർത്തന ബജറ്റിൻ്റെ 22 ശതമാനം നൽകുന്നുണ്ട്. ചൈനയാണ് രണ്ടാമതായി വലിയ സംഭാവന നൽകുന്നത്.
യുഎന്നിന് വമ്പിച്ച സാധ്യതകളുണ്ടെന്നും എന്നാൽ ഇപ്പോൾ ആ സാധ്യതകൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ട്രംപ് തുറന്നടിച്ചു. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം പലസ്തീനികൾക്കും സിറിയ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ 3 ദശലക്ഷം പേർക്കും യുഎൻ റിലീഫ് വർക്ക് ഏജൻസി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങൾ എന്നിവ നൽകുന്നുണ്ട്. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പ്, റിലീഫ് വർക്ക് ഏജൻസി ഗാസയിലെ 650,000 കുട്ടികൾക്കായി സ്കൂളുകളും ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുകയും വിദേശ സഹായം എത്തിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.