മോദിയെ കാണുംമുമ്പ് ട്രംപ് കരുതിവെച്ചിരിക്കുന്നതെന്ത് ? ‘തിരിച്ചടി തീരുവ’ ഇന്നു പ്രഖ്യാപിക്കുമെന്ന് ഭീഷണി

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ, താരിഫ് യുദ്ധത്തില്‍ ഒരു പടി കൂടി കടന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘തിരിച്ചടി തീരുവ’ (റെസിപ്രോക്കല്‍ താരിഫ്) ഇന്നു പ്രഖ്യാപിക്കുമെന്ന് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ ഭീഷണി എത്തി. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പ് ട്രംപ് പുതിയ തീരുവയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

മുമ്പ് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം അധിക നികുതി ചുമത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയാണ് ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 12 മുതല്‍ എല്ലാ ഉരുക്ക്, അലൂമിനിയം എന്നിവയുടെ ഇറക്കുമതികള്‍ക്കും ട്രംപ് തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍,
പുതിയ തീരുവയുടെ വിശദാംശങ്ങളോ അവ ആരെ ലക്ഷ്യമിട്ടാണെന്നോ എന്നതിനെക്കുറിച്ച് ഒന്നും തന്നെ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

യുഎസ് ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങളോട് ‘കണ്ണിന് കണ്ണ്’ എന്ന നയം സ്വീകരിക്കുന്ന സംവിധാനമാകും തിരിച്ചടി തീരുവയിലുണ്ടാകുകയെന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു. ഇറക്കുമതി തീരുവ അടക്കമുള്ള വിഷയത്തില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം.

More Stories from this section

family-dental
witywide