
ന്യൂഡല്‍ഹി : സൗഹൃദവും വ്യാപരാവും വെവ്വേറെയെന്ന് വീണ്ടും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉടന്‍ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
”ഞങ്ങള്‍ ഉടന്‍ തന്നെ പകരത്തിനു പകരം തീരുവകള്‍ ഏര്‍പ്പെടുത്തും. അവര്‍ ഞങ്ങളില്‍നിന്നു തീരുവകള്‍ ഈടാക്കുന്നു, ഞങ്ങള്‍ അവരില്‍നിന്നും. ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കില്‍ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തില്‍ ഞങ്ങള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു.” ട്രംപ് പറഞ്ഞു.
യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ചുമത്തുന്ന അതേ തീരുവകള്‍ യുഎസും ഈടാക്കുമെന്നാണ് ഇതോടെ ട്രംപ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ് ഒരാഴ്ച ഒരാഴ്ചമുമ്പാണ് നടത്തിയത്. കൂടിക്കാഴ്ചയ്ക്കുപിന്നാലെ താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുമുമ്പും ഇന്ത്യയുടെ അമിത തീരുവകളെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.