‘റഷ്യ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു’ : യുഎസ്-റഷ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ്

വാഷിംഗ്ടണ്‍: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രേനിയക്കാര്‍, റഷ്യക്കാര്‍, ഉത്തരകൊറിയക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള സൈനികരില്‍ യുദ്ധം വരുത്തിയ നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥരും റഷ്യന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ‘കൂടുതല്‍ ആത്മവിശ്വാസമുള്ളവനാണ്’ എന്നും ‘ചര്‍ച്ചകള്‍ വളരെ മികച്ചതായിരുന്നു’ എന്നും ട്രംപ് പറഞ്ഞു. യുദ്ധത്തെ ‘വിവേകശൂന്യം’ എന്ന് വിളിക്കുകയും അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്ത ട്രംപ്, മുമ്പ് താന്‍ യുഎസ് പ്രസിഡന്റായിരുന്നുവെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലെന്നും ആവര്‍ത്തിച്ചു.

‘റഷ്യ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവിടെ നടക്കുന്ന ക്രൂരത തടയാന്‍ അവര്‍ ആഗ്രഹിക്കുന്നു. ആഴ്ചതോറും ആയിരക്കണക്കിന് സൈനികര്‍ സൈനികരെ കൊല്ലുന്നു. റഷ്യന്‍, ഉക്രേനിയന്‍ സൈനികര്‍ക്ക് പുറമേ, ധാരാളം കൊറിയക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതൊരു അര്‍ത്ഥശൂന്യമായ യുദ്ധമാണ്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു; ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ അത് ഒരിക്കലും സംഭവിക്കില്ലായിരുന്നു’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. സൗദി അറേബ്യയിലാണ് നാല് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ നടന്നത്. യുക്രെയ്നിലെ സാഹചര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതിനും അതിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും പ്രകടിപ്പിച്ചു. യുക്രെയ്നിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നീക്കം നടത്താനും പ്രവര്‍ത്തിക്കാനും’ സഹായിക്കുന്നതിന് ഒരു ഉന്നതതല സംഘത്തെ നിയമിക്കും.

More Stories from this section

family-dental
witywide