
വാഷിംഗ്ടണ്‍ : ആഗോള വിപണികളെ ഇളക്കിമറിച്ച അമേരിക്കയുടെ തീരുവ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള വിപണികളെ താറുമാറാക്കിയും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉയര്‍ത്തിയും നിരവധി രാജ്യങ്ങളെ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതുമായ തന്റെ തീരുവ പ്രഖ്യാപനങ്ങളില്‍ താല്‍ക്കാലിക വിരാമം ഉണ്ടാകില്ലെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ, തന്റെ ആഭ്യന്തര സാമ്പത്തിക അജണ്ടയുമായി പൊരുത്തപ്പെടുന്ന ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണെന്നും ട്രംപ് സൂചിപ്പിച്ചു.
ചൈന ഒഴികെയുള്ള എല്ലാ ലക്ഷ്യ രാജ്യങ്ങള്‍ക്കുമുള്ള പരസ്പര താരിഫ് പദ്ധതി 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞതിന് ശേഷമാണ് ഇക്കാര്യത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കിയത്. തീരുവകള്‍ ‘വളരെ പ്രധാനമാണെന്നും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 10 ശതമാനം താരിഫ് ഇതിനകം പ്രാബല്യത്തില്‍ ഉണ്ടെന്നും പരസ്പര തീരുവകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു.
ട്രംപുമായി തീരുവയുടെ കാര്യത്തിലുള്‍പ്പെടെ ചര്‍ച്ചയ്‌ക്കെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ട്രംപ് ഇളവ് അനുവദിച്ചിരുന്നില്ല.
ട്രംപ് പരസ്പര തീരുവകള്‍ പ്രഖ്യാപിച്ചതിന് ശേഷം വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവായി മാറിയ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുവയില്‍ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചത്.