ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിൽ ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി ഡോണൾഡ‍് ട്രംപ് മുന്നോട്ടുപോകുകയാണ്. ആദ്യ ദിനം തന്നെ ലോകാരോഗ്യ സംഘടനയിൽ നിന്നും പുറത്തിറങ്ങിയ ട്രംപ് ഭരണകൂടം, ഇപ്പോൾ ലോക രാജ്യങ്ങൾക്ക് അധിക തീരുവ നൽകുന്ന തിരക്കിലാണ്. കൊളംബിയ, കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് അധിക നികുതി പ്രഖ്യാപിച്ചുള്ള തീരുമാനത്തിന് പിന്നാലെ പുതിയ ഭീഷണിയും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനാണ് ട്രംപിന്‍റെ പുതിയ നോട്ടപ്പുള്ളി. ഭാവിയിൽ യൂറോപ്യൻ യൂണിയനും നികുതി ചുമത്തേണ്ടി വരുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
കാനഡ, മെക്സിക്കോ, കൊളംബിയ രാജ്യങ്ങൾക്ക് അമേരിക്കയിൽ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. മാരകമായ ഫെന്‍റനിൽ മയക്ക് മരുന്ന് അമേരിക്കയിലേക്ക് അയക്കുന്നത് ഈ രാജ്യങ്ങളാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് വൈറ്റ് ഹൗസ് തീരുമാനം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളും ഈ രാജ്യങ്ങൾ കൈകൊള്ളുന്നില്ലെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ചില രാജ്യങ്ങളുമായുള്ള അധിക കമ്മി കുറക്കാനുമാണ് തീരുവകളും നികുതിയും വർധിപ്പിക്കുക എന്നത് ട്രംപിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഇതിന്‍റെ ഭാഗമായാണ് അയൽ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചത്.