യുഎസ് തിരഞ്ഞെടുപ്പുപ്രക്രിയ അടിമുടി ഉടച്ചുവാർക്കും, എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

ന്യൂയോർക്ക്: യുഎസ് തിരഞ്ഞെടുപ്പുപ്രക്രിയ അടിമുടി ഉടച്ചുവാർക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഒപ്പിട്ടു. തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യണമെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖവേണമെന്നും തപാൽബാലറ്റുൾപ്പെടെ എല്ലാ ബാലറ്റും തിരഞ്ഞെടുപ്പ് ദിവസംതന്നെ തിരിച്ചെത്തിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

തിരഞ്ഞെടുപ്പിൽ കൈകടത്തലുണ്ടാകാതിരിക്കാൻ പൗരത്വം തെളിയിക്കുന്ന രേഖയുൾപ്പെടെയുള്ളവ നിർബന്ധമാക്കുന്ന സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി നിയമം അഥവാ സേവ് നിയമം പാസാക്കാൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഒരുങ്ങുമ്പോഴാണ് അതിനെ മറികടന്ന് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കിയത്.

പ്രധാന കാര്യങ്ങൾ:

ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നവർക്ക് പൗരത്വരേഖ നിർബന്ധമാക്കും. 2023-ലെ റിപ്പോർട്ടനുസരിച്ച് വോട്ടർമാരിൽ ഒൻപതുശതമാനത്തിനും പൗരത്വം തെളിയിക്കുന്ന രേഖയില്ല. യുഎസ് പൗരരല്ലാത്തവർ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നത് ഇപ്പോൾത്തന്നെ ക്രിമിനൽക്കുറ്റമാണ്.

വോട്ടർപട്ടികയും തിരഞ്ഞെടുപ്പു രേഖകളും സംസ്ഥാനങ്ങൾ ആഭ്യന്തരസുരക്ഷാവകുപ്പും കാര്യക്ഷമതാവകുപ്പും പോലുള്ള ഫെഡറൽ ഏജൻസികൾക്ക് കൈമാറണം. വോട്ടർപട്ടികയിൽ യുഎസ് പൗരരല്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഈ ഏജൻസികൾ സംസ്ഥാനങ്ങളെ അറിയിക്കും. വിവരങ്ങൾ കൈമാറാത്ത സംസ്ഥാനങ്ങൾക്കുനേരേ നടപടിയുണ്ടാകും.

എല്ലാവോട്ടും തിരഞ്ഞെടുപ്പ് ദിനത്തിൽത്തന്നെ ചെയ്യണം. തപാൽവോട്ടുകൾ അന്നുതന്നെ നിർദിഷ്ട അധികാരികൾക്കു ലഭിക്കണം. നിലവിൽ 18 സംസ്ഥാനങ്ങളും പ്യൂർട്ടോറീക്കോയും തിരഞ്ഞെടുപ്പുനാൾ കഴിഞ്ഞും തപാൽ ബാലറ്റുകൾ സ്വീകരിക്കാറുണ്ട്. ഇനിമുതൽ ഇതനുവദിക്കില്ല. ഉത്തരവ് ലംഘിക്കുന്ന സംസ്ഥാനങ്ങൾക്ക് ഫെഡറൽ സഹായധനം നിഷേധിക്കും

വിദേശികൾ തിരഞ്ഞെടുപ്പുസംഭാവനകൾ നൽകുന്നത് ഉത്തരവ് വിലക്കുന്നു. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലും സ്വാധീനവും ഒഴിവാക്കുകയാണ് ലക്ഷ്യം.

വോട്ടെണ്ണൽ ബാർകോഡോ ക്യുആർ കോഡോ അധിഷ്ഠിതമാക്കിയാകരുത്. ജോർജിയപോലുള്ള സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് ടച്ച്‌സ്‌ക്രീൻവഴി വോട്ടുചെയ്യാം. ഈ ബാലറ്റ് പിന്നീട് പ്രിന്റ് ചെയ്യും. അതിൽ വോട്ടർ ആർക്കാണ് വോട്ടുചെയ്തത് എന്നതിന്റെ ചുരുക്കവും അതുവ്യക്തമാക്കുന്ന ക്യുആർ കോഡോ ബാർകോഡോ ഉണ്ടാകും. ഇത് സ്കാൻചെയ്താണ് ഇവിടങ്ങളിൽ വോട്ടെണ്ണുന്നത്. ഈ സമ്പ്രദായം നിർത്തണമെന്നാണ് ഉത്തരവ്.

യുഎസ് തിരഞ്ഞെടുപ്പുപ്രക്രിയ പരിഷ്കരിക്കുന്നതിന് ഇറക്കിയ ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു. രണ്ടിടത്തും ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽകാർഡുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, യുഎസ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവരുടെ പൗരത്വം തെളിയിക്കാൻ ഇങ്ങനെയൊരു രേഖയില്ല. പൗരരാണെന്ന് അവർ സ്വയംസാക്ഷ്യപ്പെടുത്തിയാൽ മതി. ഈ രീതിക്കുപകരം തിരിച്ചറിയൽരേഖകൾ ഹാജരാക്കണമെന്ന് ട്രംപ് നിർദേശിക്കുന്നു.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റതുമുതൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ട് ട്രംപ്. ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പുനടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങൾക്കാണെന്നിരിക്കെ അതിലുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ ഉത്തരവെന്ന് ഡെമോക്രാറ്റിക് പാർട്ടിയംഗങ്ങൾ ആരോപിച്ചു. ഇക്കാരണത്താൽ ഉത്തരവ് കോടതികയറാനും സാധ്യതയേറെയാണ്.

Trump signs executive order to change US election process

More Stories from this section

family-dental
witywide