
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കര്‍ശനമായ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ അവതരിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വോട്ടര്‍ രജിസ്‌ട്രേഷന് പൗരത്വത്തിന്റെ കൃത്യമായ തെളിവ് നിര്‍ബന്ധമാക്കുക, എല്ലാ ബാലറ്റുകളും തിരഞ്ഞെടുപ്പ് ദിവസത്തിനകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുള്‍പ്പെടെയാണ് മാറ്റത്തിലേക്ക് കടക്കുക.
വോട്ടുചെയ്യുന്നതിന് യുഎസ് പാസ്‌പോര്‍ട്ടോ ജനന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുന്ന തരത്തിലാകും ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ വോട്ടര്‍പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. യുഎസ് പൗരന്മാര്‍ അല്ലാത്തവരെ ഫെഡറല്‍ ഏജന്‍സികള്‍ കണ്ടെത്തും. തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുന്നതിനായി വിദേശ സംഭാവനകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം.
‘അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങള്‍ നടപ്പിലാക്കുന്നതില്‍’ യുഎസ് പരാജയപ്പെട്ടുവെന്നും വോട്ടര്‍ പട്ടിക പങ്കിടുന്നതിനും തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഫെഡറല്‍ ഏജന്‍സികളുമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല, ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
” ആധുനിക, വികസിത, വികസ്വര രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ‘അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങള്‍’ നടപ്പിലാക്കുന്നതില്‍ യുഎസ് ഇപ്പോള്‍ പരാജയപ്പെടുന്നു”-ഇന്ത്യയെയും മറ്റ് ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ഉദ്ധരിച്ച് ട്രംപ് പറഞ്ഞു. ‘ഇന്ത്യയും ബ്രസീലും വോട്ടര്‍ തിരിച്ചറിയലിനെ ഒരു ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയാണ്, അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വിശാലമായ അധികാരമുള്ളതിനാല്‍ ഈ ഉത്തരവ് നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുള്ള ട്രംപിന്റെ ദീര്‍ഘകാല വിമര്‍ശനത്തിനു പിന്നാലെയാണ് പുതിയ തിരുത്തിക്കുറിക്കലുകള്‍ക്ക് ട്രംപ് നീക്കം നടത്തുന്നത്. 2020 ലെ തിരഞ്ഞെടുപ്പ് മുതല്‍, ട്രംപ് ചില വോട്ടിംഗ് രീതികളെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുകയും ഡെമോക്രാറ്റ് ജോ ബൈഡനോടുള്ള തന്റെ തോല്‍വിക്ക് കാരണം വ്യാപകമായ തട്ടിപ്പാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് പതിവാണ്.