
ഡൽഹി: ആഗോള വിപണിയെ പിടിച്ചുകുലുക്കിയ യുഎസിന്‍റെ താരിഫ് മറ്റൊരു വഴിയിലൂടെ ഇന്ത്യക്ക് ഗുണകരമായേക്കും. ട്രംപ് പ്രഖ്യാപിച്ച ഉയർന്ന ഇറക്കുമതി തീരുവകൾ കാരണം ടെക് ഭീമന്മാരായ ആപ്പിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികൾ ആഗോള ഉൽപ്പാദനത്തിന്‍റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54 ശതമാനവും വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവും ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനവും തീരുവ എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏറ്റവും ചെലവുകുറഞ്ഞ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറാനുള്ള സാധ്യത ഏറെയാണ്. ഇതാണ് വമ്പൻ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
ആപ്പിൾ വളരെക്കാലമായി ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. ചൈനീസ് നിർമ്മാണ ലൈനുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇപ്പോൾ ഈ ടെക് കമ്പനിക്ക് കഴിയുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികൾ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ മാത്രമായി ഉപയോഗിക്കപ്പെടുമെന്നും ഇന്ത്യയിലെ ഐഫോൺ നിര്‍മാണ മേഖലയില്‍ ഇതൊരു പ്രധാന കുതിച്ചുചാട്ടമായിരിക്കുമെന്നാണ് വ്യവസായ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.