
വാഷിങ്ടന്‍: ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഷ്യ-യുക്രെയ്ന്‍ യുദ്ധം ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനോടും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോടും ട്രംപ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കല്‍ കരാറിനായി ട്രംപ് സമ്മര്‍ദം ചെലുത്തുകയും ഇരു നേതാക്കളുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
”സംഘര്‍ഷം ഒഴിവാക്കാന്‍ പുട്ടിനും സെലെന്‍സ്‌കിയും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്” വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, യുക്രെയ്നെ കൂട്ടാതെ, ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തിടെ സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെതിരെ യുക്രെയ്ന്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെ റഷ്യയുമായി അടുക്കാന്‍ ശ്രമിക്കുന്ന ട്രംപ് റഷ്യന്‍ യുദ്ധത്തിന് സെലെന്‍സ്‌കിയെ കുറ്റപ്പെടുത്തി. യുദ്ധത്തിന് ഉത്തരവാദി യുക്രെയ്‌നാണെന്നും യുദ്ധത്തിനു പോകാതെ റഷ്യയുമായി യുക്രെയ്ന്‍ ധാരണയുണ്ടാക്കണമായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.