
വാഷിങ്ടണ്‍: ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി.
ടെഹ്റാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ലോകമെമ്പാടുമുള്ള യുഎസുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ പ്രവര്‍ത്തന ശേഷിയുള്ള മിസൈലുകള്‍ ഇറാന്റെ സായുധ സേനയ്ക്ക് ഉണ്ടെന്നാണ് ട്രംപിന് മറുപടി എത്തിയത്.
നിരവധി ലോഞ്ച്-റെഡി മിസൈലുകള്‍ എണ്ണം രാജ്യത്തുടനീളമുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലുണ്ടെന്നും വ്യോമാക്രമണങ്ങളെ നേരിടാനായി രൂപകല്‍പ്പന ചെയ്തുട്ടുള്ളവയാണിതെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
യുഎസ് ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചാല്‍ ഇറാന്‍ അഭൂതപൂര്‍വമായ ബോംബിംഗ് നേരിടേണ്ടിവരുമെന്ന് യുഎസ് നെറ്റ്വര്‍ക്ക് എന്‍ബിസി ന്യൂസിലെ ഒരു പത്രപ്രവര്‍ത്തകനോട് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ‘അവര്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍, ബോംബിംഗ് ഉണ്ടാകും, അവര്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബിംഗ് ആയിരിക്കും അത്.’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ സംബന്ധിട്ട് യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം ഉണ്ടാകുമെന്നും നാല് വര്‍ഷം മുമ്പ് ഞാന്‍ ചെയ്തതുപോലെ ഞാന്‍ അവര്‍ക്ക് ഇരട്ട നികുതി ചുമത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.