
വാഷിംഗ്ടണ്‍ : ലോകം ഉറ്റുനോക്കിയ ആ സുപ്രധാന കൂടിക്കാഴ്ച നടന്നു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
2030 ആകുമ്പോഴേക്കും ഇന്ത്യ യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ‘യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും. ട്രംപുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടും. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും’ മോദി പറഞ്ഞു.
‘ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്, ഞങ്ങള്‍ എണ്ണ, വാതക വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം ആണവോര്‍ജ്ജ മേഖലയിലും വര്‍ധിക്കും,’ കരാറിന് ‘വളരെ വേഗം അന്തിമരൂപം നല്‍കണമെന്നും മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഇന്ത്യ കൂടുതല്‍ യുഎസ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതുള്‍പ്പെടെയുള്ള കരാറില്‍ യുഎസും ഇന്ത്യയും ഒപ്പുവെച്ചതായി പറഞ്ഞു.