വമ്പൻ ബിസിനസ് പ്ലാനുമായി ട്രംപിന്‍റെ മക്കൾ ഇന്ത്യയിലേക്ക്! 15000 കോടിയുടെ നിക്ഷേപം നടത്താൻ ആലോചന

ദില്ലി: അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ട്രംപ് ടവറുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് തീരുമാനം. ഇതിനായി ട്രംപിന്‍റെ മക്കൾ ഇന്ത്യയിലെത്തും. ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിക്കാത്തത് വലിയ ചർച്ചയായിരുന്നു. വ്യവസായി മുകേഷ് അംബാനിക്കും നീതാ അംബാനിക്കുമൊപ്പം ട്രംപ് കമ്പനിയുടെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് പങ്കാളി കൽപേഷ് മേത്തയും അമേരിക്കയിലെ ചടങ്ങിലെത്തി.

ഗുരുഗ്രാം, പൂനെ, മുംബൈ, കൊലക്കത്ത എന്നീ നഗരങ്ങളിലാണ് നിലവിൽ ട്രംപ് ടവറുകൾ എന്ന പേരിൽ ആഡംബര അപ്പാർട്ടുമെൻറുകൾ പണിയുന്നത്. 7000 കോടി രൂപയാണ് നിലവിലെ പദ്ധതികളിൽ നിന്ന് ട്രംപ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. എട്ടു ട്രംപ് ടവറുകളുടെ നിർമ്മാണം കൂടി തുടങ്ങാനാണ് ട്രംപിന്‍റെ മക്കളായ എറിക് ട്രംപ്, ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവർ പദ്ധതിയിടുന്നത്. ട്രംപ് ജൂനിയറിന്‍റെ സഹപാഠി കൂടിയായ കൽപേഷ് മേത്തയുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന.

നോയിഡ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ട്രംപ് ടവറുകൾ നിർമ്മിക്കാനാണ് ആലോചന. പതിനയ്യായിരം കോടി രൂപ ഈ പുതിയ പദ്ധതികൾ വഴി സമാഹരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

More Stories from this section

family-dental
witywide