
വാഷിംഗ്ടണ്‍: യെമനിലെ ഹൂതികൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ആക്രമണം തുടർന്നാൽ അതിന്‍റെ പ്രത്യാഘാതം
ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൂതികൾ ചരക്കു കപ്പലുകൾക്ക് നേരെ
ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഉത്തരവാദികൾ ഇറാനായിരിക്കും. യെമനിൽ അമേരിക്കൻ വ്യോമസേനാ 30 ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും യുഎസ് അറിയിച്ചു. എന്നാല്‍, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ കപ്പലിനെ ആക്രമിച്ചുവെന്നും ഹൂതികൾ അവകാശപ്പെട്ടു.
യമനില്‍ ഹൂതികള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസവും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികൾക്ക് നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
‘എല്ലാ ഹൂതി തീവ്രവാദികളോടും പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതല്‍ നിങ്ങളുടെ ആക്രമണം നിര്‍ത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നരകം നിങ്ങളുടെമേല്‍ പെയ്തിറങ്ങും’ – ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റായി രണ്ടാം വട്ടം എത്തിയ ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരെയുള്ള നടപടി ട്രംപ് ആരംഭിച്ചിരുന്നു.