ന്യുയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്ത് രണ്ടാം നാൾ തന്നെ റഷ്യക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് രംഗത്ത്.യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാണ് റഷ്യക്ക് അമേരിക്കൻ പ്രസിഡന്‍റ് നൽകിയ മുന്നറിയിപ്പ്. യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അധിക നികുതിയും തീരുവ ചുമത്തലുമടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളിലേക്ക് അമേരിക്ക കടക്കുമെന്നും ട്രംപ് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മീർ പുടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.