വാഷിംഗ്ടണ്‍ : അമേരിക്കന്‍ അഭയ സംവിധാനം അടച്ചുപൂട്ടാനുള്ള പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപിന്റെ അസാധാരണ നീക്കത്തെത്തുടര്‍ന്ന് അഭയം നല്‍കാതെ കുടിയേറ്റക്കാരെ നാടുകടത്താന്‍ യുഎസ് അതിര്‍ത്തി ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ നിയമപരമായ സംരക്ഷണം അഭ്യര്‍ത്ഥിക്കാന്‍ അനുവദിക്കാതെ നാടുകടത്താന്‍ അതിര്‍ത്തി ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സര്‍ക്കാര്‍ രേഖകളും ഏജന്‍സി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ യാതൊരു ദയയും കാട്ടാതെ അവരുടെ പ്രവേശനം തടയാന്‍ ട്രംപ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടത്. യുഎസിന് ‘ഹാനികരം’ എന്ന് കരുതപ്പെടുന്ന വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റുമാരെ അനുവദിക്കുന്ന 212(f) എന്നറിയപ്പെടുന്ന ഇമിഗ്രേഷന്‍ നിയമത്തിലെ ഒരു വ്യവസ്ഥയിലൂന്നിയാണ് ട്രംപിന്റെ നീക്കം. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ കടന്നുകയറുന്ന കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാനും, സ്വദേശത്തേക്ക് മടക്കിയയ്ക്കാനും, നീക്കം ചെയ്യാനും’ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.
ചൊവ്വാഴ്ച രാത്രി മുതല്‍ പ്രസിഡന്റിന്റെ ‘പ്രത്യേക അധികാരം’ ടെക്‌സസിന്റെ മെക്‌സിക്കോ അതിര്‍ത്തിയിലുടനീളം നടപ്പിലാക്കിയിരുന്നതായി ആഭ്യന്തര സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ അതിര്‍ത്തി പ്രദേശങ്ങളിലെത്തുന്ന മിക്കവാറും എല്ലാ കുടിയേറ്റക്കാരെയും വേഗത്തില്‍ പുറത്താക്കുന്നുമുണ്ട്.
അതേസമയം, പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം, കുട്ടികളുമായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരായ മുതിര്‍ന്നവരെയും കുടുംബങ്ങളെയും അവരുടെ ബയോമെട്രിക്‌സും വിരലടയാളവും എടുത്ത ശേഷം വേഗത്തില്‍ നാടുകടത്താന്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.