
വാഷിംഗ്ടണ്‍: ശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗാസ കൂടുതല്‍ നശിപ്പിക്കുമെന്ന് ഹമാസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാത്രമല്ല, ഹമാസ് നേതാക്കള്‍ക്ക് ഗാസവിട്ട് പോകാനും ട്രംപ് അന്ത്യശാസനം നല്‍കി.
‘എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയക്കുക, പിന്നീട് അല്ല. നിങ്ങള്‍ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക, അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ന്നു. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്! നേതൃത്വത്തിന്, ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്, നിങ്ങള്‍ക്ക് ഇപ്പോഴും അവസരം ഉണ്ട്.’ എന്ന് ഹമാസിനുള്ള മുന്നറിയിപ്പ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ നല്‍കി.
ഗാസയുദ്ധത്തില്‍ ഇസ്രായേലിനെ ശക്തമായി പിന്തുണച്ച ട്രംപ്, തന്റെ ഭരണകൂടം കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കുന്നുണ്ടെന്നും ഇസ്രയേലിന് വേണ്ടതെല്ലാം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കില്‍ ‘നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ട്രംപിന്റെ അന്ത്യശാസനം എത്തിയത്.