
അങ്കാര: യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സൈനിക മുന്നണിയായ നാറ്റോയുടെ വാർഷികാഭ്യാസത്തിൽ ഇസ്രായേൽ പങ്കെടുക്കണമെന്ന തീരുമാനത്തെ വീറ്റോ ചെയ്ത് തുർക്കി. ഗാസയിലെ അധിനിവേശം അവസാനിപ്പിക്കും വരെ ഇസ്രായേലുമായി നാറ്റോ സഹകരിക്കരുതെന്ന നിലപാടിന്റെ ഭാഗമായാണ് തുർക്കി വീറ്റോ അധികാരം ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, നാറ്റോയിലെ വീറ്റോ അധികാരത്തെ തുർക്കി രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയെന്നാണ് ഇസ്രായേൽ ആരോപണം.
തുർക്കിയുടെ നിലപാട് പ്രാദേശിക സഹകരണത്തെയും ആഗോള വെല്ലുവിളികളെ നേരിടാനുള്ള നാറ്റോയുടെ കഴിവിനെയും ദുർബലപ്പെടുത്തുന്നതാണെന്നും ഇസ്രായേൽ ആരോപിച്ചു. നാറ്റോയ്ക്ക് അകത്ത് പോലും ഇസ്രായേലുമായി സഹകരിക്കാനാവില്ലെന്ന് ജൂലൈ 12ന് തുർക്കി അറിയിച്ചതാണ്. 2024 ഓഗസ്റ്റ് മുതൽ ഇസ്രായേലുമായി തുർക്കി ബന്ധങ്ങളൊന്നും പുലർത്തുന്നില്ല. പലസ്തീനികളെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തുർക്കി.