അലീനക്ക് പിന്നാലെ ആനും യാത്രയായി, പെരുന്നാൾ സന്തോഷത്തിൽ നിന്നും നാടിനൊന്നാകെ കണ്ണീർ

തൃശൂർ: പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തുകയാണ് പീച്ചി ദുരന്തം. പീച്ചി ഡാം റിസര്‍വോയറില്‍ വീണുണ്ടായ ദുരന്തത്തിൽ രണ്ടു കുട്ടികള്‍ക്ക് ജീവൻ നഷ്ടമായി. അപകടത്തില്‍ പെട്ട മറ്റു രണ്ടു കുട്ടികള്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ്. സുഹൃത്തിന്‍റെ വീട്ടില്‍ പെരുന്നാൾ ‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ ഇന്നലെയാണ് ഡാം റിസര്‍വോയറില്‍ അകപ്പെട്ടത്. ഇതിൽ അലീന ഷാജന്‍ എന്ന കുട്ടി ഇന്ന് പുലര്‍ച്ചയും ആന്‍ ഗ്രേസ് ഉച്ചയോടെയുമാണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ പെട്ട മൂന്നുപേരും തൃശൂര്‍ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. പീച്ചി ലൂര്‍ദ്ദ് മാതാവിന്‍റെ പള്ളിപ്പെരുനാളായിരുന്നു ഇന്നലെ. പെരുന്നാള്‍ കൂടാന്‍ ഹിമയുടെ വീട്ടിലേക്ക് വന്നതായിരുന്നു അലീനയും ആന്‍ഗ്രേസും എറിനും. ഭക്ഷണം കഴിച്ചശേഷം റിസര്‍വോയര്‍ കാണാന്‍ ഹിമയുടെ സഹോദരി നിമയുമൊന്നിച്ച് പോയതായിരുന്നു. പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്താണ് അപകടമുണ്ടായത്.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നാലുപേരെയും വളരെ വേഗത്തില്‍ തന്നെ പുറത്തെത്തിച്ചു. രണ്ടു കുട്ടികളാണ് ജ്യൂബിലി മിഷന്‍ ആശുപത്രിയില്‍ ഇനി ചികിത്സയിലുള്ളത്.

More Stories from this section

family-dental
witywide