
ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നു. ഇതില്‍ ഇന്ത്യക്കാണ് ഏറ്റവും ആശങ്ക. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പേര്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 800 ആളുകളെയാണ് ബ്രിട്ടണ്‍ നാടുകടത്തുന്നത്. ലേബര്‍ സര്‍ക്കാരാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ അധികം അനധികൃത തൊഴിലാളികളെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. 828 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ 609 പേരെയാണ് അറസ്റ്റ് ചെയ്തത്.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറെന്റില്‍ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ കണ്ടെത്തി. ഇത്തരത്തില്‍ പല സ്ഥാപനങ്ങളിലും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. അനധികൃതമായി കുടിയേറുന്ന ആളുകളെ തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികള്‍ക്ക് വിധേയമാകാത്തതിനാല്‍ നിരവധി ആളുകള്‍ നിയമവിരുദ്ധമായി എത്തുകയും ജോലിയെടുക്കുകയും ചെയ്യുന്നുവെന്നും നടപടിയുണ്ടാകുമെന്നും കൂപ്പര്‍ അറിയിച്ചു.