
ലണ്ടന്‍: മറ്റു രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധത്തില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രകടിപ്പിക്കുന്ന കടുത്ത നിലപാടുകളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആഗോളവത്കരണത്തിന് അന്ത്യമായതായി സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പകരച്ചുങ്കം, പ്രഥമസ്ഥാനത്ത് അമേരിക്ക തുടങ്ങി ട്രംപ് പുലര്‍ത്തുന്ന കര്‍ശനനയങ്ങള്‍ വ്യാപാരയുദ്ധത്തിലേക്ക് നയിക്കാനും ആഗോളവിപണിയില്‍ അനിശ്ചിതത്വം ഉടലെടുക്കാനുമുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സ്റ്റാര്‍മര്‍ കടുത്ത നിലപാട് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. 1991ല്‍ സോവിയറ്റ് യൂണിയന്റെ അധഃപതനത്തിനു പിന്നാലെയാണ് രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താമെന്ന ആശയവുമായി ആഗോളവത്കരണം പ്രചരിക്കാനാരംഭിച്ചത്.
യുഎസിന്റെ സാമ്പത്തിക ദേശീയവാദത്തെ കുറിച്ച് തനിക്ക് ധാരണയുള്ളതായി സ്റ്റാര്‍മര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപാരയുദ്ധമാണ് എല്ലാത്തിനുമുള്ള പരിഹാരമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും വ്യത്യസ്തമായൊരു പരിഹാരമാര്‍ഗ്ഗമുണ്ടെന്ന് തെളിയിക്കാനുള്ള അവസരമുണ്ടെന്നും സ്റ്റാര്‍മര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.