
ലണ്ടന്‍: ബ്രിട്ടന്റെയും യൂറോപ്പിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.
റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്‌നെ പിന്തുണയ്ക്കുന്നതില്‍ യുകെ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍, ആവശ്യമെങ്കില്‍ നമ്മുടെ സ്വന്തം സൈന്യത്തെ ഉപയോഗിച്ച് യുക്രെയ്നിനുള്ള സുരക്ഷയ്ക്ക് സന്നദ്ധമാണെന്നും’ സ്റ്റാര്‍മര്‍ ഡെയ്ലി ടെലിഗ്രാഫില്‍ എഴുതി. താന്‍ ഇത് നിസ്സാരമായി പറയുന്നതല്ലെന്നും ബ്രിട്ടന്റെയും യൂറോപ്പിന്റെയും സുരക്ഷ ഉറപ്പാക്കാനാണെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു, ബ്രിട്ടീഷ് സൈനികരെയും സ്ത്രീകളെയും അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന ഏതൊരു പങ്കും നമ്മുടെ ഭൂഖണ്ഡത്തിന്റെയും ഈ രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി തിങ്കളാഴ്ച പാരീസില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്റ്റാര്‍മര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.