
കീവ്: യുദ്ധഭൂമിയില്‍ റഷ്യയ്ക്ക് കനത്ത പ്രഹരമേറ്റതായി റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യുഎസിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്. റഷ്യയുടെ ആധുനിക എസ്-350 മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായി അവകാശപ്പെട്ടുകൊണ്ട് യുക്രൈന്‍ പ്രതിരോധ മന്ത്രാലയമാണ് വീഡിയോ പുറത്ത് വിട്ടത്.
ഡ്രോണില്‍നിന്ന് പകര്‍ത്തിയ തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് യുക്രൈൻ പുറത്ത് വിട്ടത്. മിസൈല്‍ പ്രതിരോധ സംവിധാനം ഉള്‍പ്പെട്ട റഷ്യന്‍ സൈനിക വാഹനവ്യൂഹം നീങ്ങുന്നതും തൊട്ടടുത്ത നിമിഷം കൃത്യതയോടെയുള്ള ആക്രമണത്തിലൂടെ അത് തകര്‍ക്കുന്നതായും വീഡിയോയിൽ കാണാം. തുടര്‍ന്ന് തീയും പുകയും ഉയരുന്നതും വീഡിയോ ദൃശ്യങ്ങളിലുള്ളത്. യുക്രൈന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ ബ്ലാക്ക് ഫോറസ്റ്റ് ബ്രിഗേഡും പ്രതിരോധ മന്ത്രാലയവുമാണ് വീഡിയോ പുറത്തുവിട്ടത്. ആക്രമണം നടന്ന പ്രദേശമോ ദിവസമോ ഒന്നും വ്യക്തമല്ല.
പഴുതില്ലാത്തതെന്ന് അവകാശപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായുള്ള അവകാശവാദം ശരിയാണെങ്കില്‍ അത് യുക്രൈന് വന്‍നേട്ടമാണ്. അപ്രതീക്ഷിത തിരിച്ചടി റഷ്യയ്ക്ക് കനത്ത പ്രഹരവും ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ ഇതുവരെ റഷ്യ പ്രതികരണം നടത്തിയിട്ടില്ല.