
കീവ്: യുക്രെയിനിലെ അപൂർവ ധാതുവിഭവങ്ങളുടെ അവകാശം അമേരിക്കയ്ക്ക് കൈമാറുന്ന കരാറിൽ ഒപ്പിടാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. എക്സിലൂടെയാണ് സെലൻസ്കി നിലപാട് വ്യക്തമാക്കിയത്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് സെലെൻസ്കി പറഞ്ഞു. എന്നാൽ ഇത് പോരാ, ഇതിലും കൂടുതൽ ഞങ്ങൾക്ക് ആവശ്യമാണ്. സുരക്ഷാ ഉറപ്പുകളില്ലാത്ത വെടിനിർത്തൽ യുക്രെയ്ന് അപകടകരമാണ്. ഞങ്ങൾ മൂന്ന് വർഷമായി പോരാടുകയാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണോയെന്ന് യുക്രെയ്ൻ ജനങ്ങൾക്ക് അറിയേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയോടുള്ള യുക്രെയ്ൻറെ നിലപാട് മാറ്റാൻ എനിക്ക് സാധിക്കില്ല. റഷ്യക്കാർ ഞങ്ങളെ കൊല്ലുന്നു. റഷ്യ ശത്രുവാണെന്ന് നമ്മൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യമാണ്. യുക്രെയ്ൻ സമാധാനം ആഗ്രഹിക്കുന്നു. പക്ഷെ, അത് നീതിയും ശാശ്വതവുമായ സമാധാനമായിരിക്കണം. അതിനായി ചർച്ചാമേശയിൽ ശക്തരാകണം. നമുക്ക് സുരക്ഷ ഉറപ്പാണെന്നും നമ്മുടെ സൈന്യം ശക്തമാണെന്നും നമ്മുടെ പങ്കാളികൾ ഒപ്പമുണ്ടെന്നും അറിയുമ്പോൾ മാത്രമേ സമാധാനം ഉണ്ടാകൂ. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു എന്നും സെലൻസ്കി വ്യക്തമാക്കി.