
Lവാഷിംഗ്‌ടൺ: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിക്കെതിരെ വിമര്‍ശനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. സെലൻസ്കിയെ വിമര്‍ശിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണയുമായാണ് മസ്കും രംഗത്ത് വന്നത്. യുക്രൈനിലെ ജനങ്ങൾക്ക് സെലെൻസ്‌കിയോട് അവജ്ഞയാണെന്നാണ് മസ്ക് തുറന്നടിച്ചത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് റഷ്യമായി നടത്തിയ ചർച്ചകളിൽ നിന്ന് സെലെൻസ്‌കിയെ മാറ്റി നിർത്തിയ ട്രംപിന്‍റെ നിലപാടും ശരിയാണെന്ന് മസ്ക് പറഞ്ഞു.
“സെലെൻസ്‌കിയെ യുക്രൈനിലെ ജനങ്ങൾ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിൽ, അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് നടത്തുമായിരുന്നു. എല്ലാ യുക്രൈനിയൻ മാധ്യമങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തിട്ടും, അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ അദ്ദേഹം തിരഞ്ഞെടുപ്പ് റദ്ദാക്കി. യഥാർത്ഥത്തിൽ, യുക്രൈനിലെ ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നു,” 2022 ലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് പട്ടാള നിയമം പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് റദ്ദാക്കിയ സെലെൻസ്‌കിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മസ്‌ക് പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പ് നടത്തി ഇത് നിഷേധിക്കാൻ സെലെൻസ്‌കിയെ മസ്ക് വെല്ലുവിളിക്കുകയും ചെയ്തു. സെലെൻസ്‌കി അത് ഒരിക്കലും ചെയ്യില്ലെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കുകൾ പ്രകാരം സെലെൻസ്‌കിയുടെ ജനപിന്തുണ വെറും നാല് ശതമാനം മാത്രമാണെന്ന അവകാശവാദവും മസ്‌ക് ഉന്നയിച്ചു.