കൊച്ചി: കൊച്ചിയിലെ ഗിന്നസ് പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. ആശുപത്രിയിൽ നിന്നും പുറത്തുവരിന്ന ഏറ്റവും പുതിയ വിവരം എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി എന്നതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. കൊച്ചി റിനെ മെഡിസിറ്റിയിലാണ് ചികിത്സ തുടരുന്നത്.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നുണ്ട്. കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളാണ്. കഴിഞ്ഞ ദിവസം കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടും ശരീരവേദനയുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്.
നേരത്തേ ആശുപത്രിയിൽ നിന്നും ഉമ തോമസിന്‍റെ കുറിപ്പ് പുറത്തുവന്നതും വലിയ വാർത്തയായിരുന്നു. ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’ എന്ന് മക്കള്‍ക്ക് എഴുതിയ കുറിപ്പ് കേരളത്തിന് വലിയ പ്രതീക്ഷയാണ് പകർന്നത്. പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്ത് വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു ഉമയ്ക്ക് അപകടം സംഭവിച്ചത്. വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണു കുറിപ്പെഴുതിയത്. വാടകവീട്ടില്‍നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലിഷിലുമായി മക്കള്‍ക്ക് നിര്‍ദേശം നല്‍കിയാണ് കുറിപ്പ് എഴുതിയത്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആർട്ട് മാഗസിൻ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരുക്കേൽക്കുന്നത്. സംഘാടകർ ഒരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ എംഎൽഎ കസേര മാറിയിരിക്കാനായി എഴുന്നേറ്റുനടക്കുമ്പോൾ കാൽതെറ്റി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. താൽക്കാലികവേദി നിർമിച്ചത് അശാസ്‌ത്രീയമായാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കസേരകൾ നിരത്തിയതിനുമുന്നിൽ ഒരാൾക്കുമാത്രം കഷ്ടിച്ച് നടക്കാവുന്ന സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ബാരിക്കേഡിനുപകരം റിബൺ കെട്ടിയ ക്യൂ മാനേജർ സംവിധാനംമാത്രമാണ് വേദിക്ക്‌മുന്നിൽ സ്ഥാപിച്ചിരുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴ്ചയിൽ എംഎൽഎയ്ക്ക് തലക്കും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരുക്കേറ്റത്.