കൊച്ചി: കൊച്ചിയിലെ മെഗാ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസിന്‍റെ ആരോഗ്യാവസ്ഥയിൽ വൻ പുരോഗതി. പതിനൊന്നാം ദിവസം തൃക്കാക്കര എം എൽ എയെ ഐ സി യുവിൽ നിന്നും ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതായി കുടുംബം അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതെന്നും ഉമ തോമസിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുടുംബം പങ്കുവച്ച് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ഉമ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങിയെന്നും അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കാനാകില്ല. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തി, കർമ്മ മണ്ഡലത്തിൽ സജീവമാകുന്നതിനു ഇത് ഏറ്റവും അനിവാര്യമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.
കുറിപ്പ് ഇപ്രകാരം
പ്രിയമുള്ളവരേ, പതിനൊന്നാം ദിവസം.. ചേച്ചി ICU മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ്… നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി.. ഇന്ന് ഉച്ചയോടെയാണ് ചേച്ചിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തത്..തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം.. ചേച്ചി പരസഹായത്തോടെ നടന്നു തുടങ്ങി.അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കുന്നതല്ല.. എല്ലാ പ്രിയപ്പെട്ടവരും ഡോക്ടർമാർ കർശനമായി നൽകിയ ഈ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിക്കണം എന്നും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.. പൂർണ്ണ ആരോഗ്യത്തോടെ നമ്മുടെ ഉമ ചേച്ചി തിരിച്ചെത്തി, കർമ്മ മണ്ഡലത്തിൽ സജീവമാകുന്നതിനു ഇത് ഏറ്റവും അനിവാര്യമാണ്.. ചികിത്സ തുടരുന്നതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, റെസ്‌പി രേറ്ററി തെറാപ്പി മുതലായ റിഹാബിലിറ്റേഷൻ ചികിത്സകളും നൽകുന്നുണ്ട്…