
ഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ രക്ഷാസമിതി. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഈ ഹീനമായ ഭീകരകൃത്യത്തിന്റെ സംഘാടകരെയും സ്പോണ്‍സർമാരെയും നീതിപീഠത്തില്‍ എത്തിക്കണമെന്നും യു എൻ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്ന വിഷയത്തില്‍ 15 അംഗ രക്ഷാസമിതി പ്രസ്താവന പുറത്തിറക്കി. ഏപ്രില്‍ 22 ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ സമിതി അംഗങ്ങള്‍ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്താരാഷ്ട്ര നിയമത്തിനും, ബന്ധപ്പെട്ട രക്ഷാസമിതി പ്രമേയങ്ങള്‍ക്കും അനുസൃതമായി, ഈ വിഷയത്തില്‍ എല്ലാ ബന്ധപ്പെട്ട അധികാരികളുമായി സജീവമായി സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണെന്ന് യുഎൻ രക്ഷാസമിതി അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു. ഏതൊരു ഭീകരവാദ പ്രവർത്തനവും, അതിൻ്റെ പ്രചോദനം എന്തായിരുന്നാലും, എവിടെ നടന്നാലും, എപ്പോള്‍ നടന്നാലും, ആര് ചെയ്താലും അത് ക്രിമിനല്‍ കുറ്റവും ന്യായീകരിക്കാനാവാത്തതുമാണെന്നും അവർ ആവർത്തിച്ചു.