![](https://www.nrireporter.com/wp-content/uploads/2024/07/nirmala-1.jpg)
ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുകൊണ്ട് തന്നെ വിപണിക്കും ബാങ്കിങ് മേഖലക്കും ഉണർവുണ്ടാകും എന്നാണ് പ്രതീക്ഷ. കോർപറേറ്റ് നികുതിയിൽ ഒരു മാറ്റവും ഇല്ല. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മിഡിൽക്ലാസിനെ കൂടെ നിർത്താനുള്ള ശ്രമമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒരാഴ്ചക്കുള്ളിൽ ആദായനികുതി ബിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിനിടെ അറിയിച്ചു.
ശമ്പളക്കാരായ മധ്യവർഗത്തെ ആശ്വസിപ്പിക്കുക മാത്രം ചെയ്യുന്ന ബജറ്റാണ്. 130 കോടി ജനങ്ങളുള്ള ഒരു പ്രദേശത്ത് എത്ര പേർക്ക് ഇതു ഗുണം ചെയ്യുമെന്ന വലിയ ചോദ്യം നിലനൽക്കുന്നു? ഈ പ്രഖ്യാപനത്തിനു പിന്നിൽ മറ്റു കാര്യങ്ങളെ മറച്ചുവയക്കാനാണ് ശ്രമം.
കർഷകർക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് കർഷകർക്ക് ഗുണം ചെയ്യുമെന്നു തോന്നുന്നില്ല . കാർഷിക ഉൽപന്നങ്ങളുടെ ന്യായവില സംബന്ധിച്ച് ഒരു പ്രഖ്യാപനവുമില്ല. കടം എഴുതിത്തള്ളലോ , സബ്സിഡികളോ ഇല്ല. 130 കോടി വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനം കർഷകരാണ്. 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാകുന്ന പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. നേരത്തെയുണ്ടായിരുന്ന 74 ശതമാനത്തില്‍ നിന്നാണ് ഇത് 100 ശതമാനമാക്കി ഉയര്‍ത്തിയത്. ഇന്ത്യയില്‍ മുഴുവന്‍ പ്രീമിയവും നിക്ഷേപിക്കുന്ന കമ്പനികള്‍ക്കാണ് ഈ വര്‍ധിപ്പിച്ച പരിധി ലഭ്യമാവുക. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ സുരക്ഷാനിയമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും ലളിതമാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രാദേശിക ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് പ്രചോദനം ഉണ്ടായിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥീയം അയേണ്‍ ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന 35 പദാര്‍ഥങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്.
പ്രാദേശികമായി ലഭ്യമാകാത്ത 25 അസംസ്‌കൃത വസ്തുകളുടെ നികുതി 2024 ജൂലായിയില്‍ പ്രഖ്യാപിച്ച ബജറ്റില്‍ ഒഴിവാക്കിയിരുന്നു. സമാനമായി കോബാള്‍ട്ട് പൗഡര്‍, ലീഡ് സിങ്ക് തുടങ്ങിയ 12 ധാതുകളെ കൂടി നികുതിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ ഉപയോഗിക്കുന്ന 35 ധാതുക്കളും മൊബൈല്‍ ഫോണ്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന 25 ധാതുക്കളുടെയും നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. ബാറ്ററി നിര്‍മിക്കുന്നതിനുള്ള മുടുക്കുമുതല്‍ കുറഞ്ഞാല്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുമെന്ന പരോക്ഷമായ പ്രഖ്യാപനവും ബജറ്റിലുണ്ട്. ബാറ്ററിയുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.