
ഡൽഹി: ദേശീയ പാതകളിലെ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിക്കാൻ ഉപഗ്രഹാധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ താത്കാലികമായി മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. ടോൾ പിരിക്കുന്നതിനായി കൃത്യതയുള്ള സംവിധാനം ഏർപ്പെടുത്താൻ അൽപ്പം കൂടി സമയം വേണമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. അമേരിക്കൻ ജി പി എസ് സംവിധാനത്തിന് പകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സിസ്റ്റം സജ്ജമാക്കും.
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനം (ജി.എൻ.എസ്.എസ്.) ഉപയോഗിച്ച് വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം 2024 ജൂണിൽ ആവിഷ്കരിച്ചത്. അമേരിക്കൻ ജി.പി.എസ്. ആണ് ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം. എന്നാൽ, ഈ ജി.പി.എസിന് ബദലായി ഇന്ത്യയിൽ തയ്യാറാക്കിയ ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.) തയ്യാറാക്കുന്നതിനുള്ള നടപടികളാണ് മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.