വഖഫ് ബില്ലിലൂടെ മാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി; കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് പ്രതിപക്ഷം

കൊച്ചി: വഖഫ് നിയമ ഭേദഗതി പാസായതോടെ മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹാരമായെന്ന തരത്തിലുള്ള സംസ്ഥാന ബിജെപി പ്രചാരണത്തിന് ആപ്പ് വച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകൾ വഖഫ് ഭേദഗതിയിലുണ്ടെന്ന് പറഞ്ഞ കിരൺ റിജിജു, റവന്യു അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പത്തുകാർ ഒരു പക്ഷേ സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തേണ്ടി വരുമെന്ന സൂചനയാണ് നൽകിയത്. നന്ദി മോദി പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യു അവകാശം എന്നു തിരിച്ചു തിരിച്ചു കിട്ടുമെന്നതില്‍ കൃത്യമായി ഉത്തരം പറയാതെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മടങ്ങിയതോടെ വിവിധ ചോദ്യങ്ങൾ കൂടിയാണ് ഉയരുന്നത്.

മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം. എന്നാൽ പ്രതിപക്ഷമാകട്ടെ തങ്ങളുടെ നിലപാടാണ് ശരിയെന്ന് കേന്ദ്രമന്ത്രിയും പറഞ്ഞുവെന്ന് ചൂണ്ടികാട്ടി രംഗത്തെത്തി. വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന യു ഡി എഫ് നിലപാട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ശരിവെച്ചെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. മുനമ്പം ജനതയെ വഞ്ചിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണെന്നും സതീശന്‍ പറഞ്ഞു. വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളിവെളിച്ചത്തായെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. മുനമ്പം സമരസമിതിയെ അടക്കം ബി ജെ പി വഞ്ചിച്ചെന്നും പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീർക്കുമെന്ന വാഗ്ദാനം പൊളിഞ്ഞെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.

Also Read

More Stories from this section

family-dental
witywide