ടോള്‍ പിരിവിന് അന്ത്യമില്ല! റോഡ് പണിയുന്ന കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞാലും പിരിവ് തുടരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : ടോള്‍ പിരിവിനെതിരെ ശബ്ദമുയര്‍ത്തിയിട്ടും ഇനി കാര്യമില്ല. റോഡ് പണിയുന്ന കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരില്‍ നിന്ന് യൂസര്‍ ഫീ ഇനത്തിലാണ് ടോള്‍ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇത്രനാളായി വിവിധ ടോള്‍ ബൂത്തുകള്‍ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ഗഡ്കരി രാജ്യസഭയെ അറിയിച്ചു. മാത്രമല്ല, ടോള്‍ ബൂത്തുകള്‍ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കില്ലെന്നും മന്ത്രി എടുത്തു പറഞ്ഞു.

റോഡ് നിര്‍മാണ സമയത്ത് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുകയും ഇതിലൂടെ നിശ്ചിത തുക വരെ അല്ലെങ്കില്‍ കാലയളവ് വരെ ഫീസ് പിരിച്ചെടുക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കുകയും ചെയ്യുന്നു. കാലയളവ് അവസാനിച്ചാല്‍ ടോള്‍ ബൂത്ത് മാറ്റില്ല, പകരം പിരിവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്യുക. സര്‍ക്കാര്‍ നേരിട്ടോ അല്ലെങ്കില്‍ ഏജന്‍സികള്‍ വഴിയോ ടോള്‍ പിരിവ് തുടരും.

റോഡ് നിര്‍മാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച് ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയമെന്നും 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് യൂസര്‍ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

More Stories from this section

family-dental
witywide