
മധുര: മധുരയിൽ കൊടിയുയർന്ന സി പി എം പാർട്ടി കോൺഗ്രസിനിടെ അസാധാരണ പുറത്താക്കൽ. പാർട്ടി കോൺഗ്രസിന് ബ്രിട്ടനിൽ നിന്നെത്തിയ പ്രതിനിധിയായ യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ആണ് പുറത്താക്കിയത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി മറ്റ് ചില നേതാക്കളുടെ എതിർപ്പ് കാരണമാണ് പാർട്ടി കോൺഗ്രസിനിടയിലെ അസാധാരണ പുറത്താക്കലുണ്ടായത്.
പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന രാജേഷ് ബ്രിട്ടനിലാണ് നിലവിൽ താമസിച്ചുവരുന്നത്. സിനിമാ നിർമാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, രാജേഷ് കൃഷ്ണയോട് സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ഒരു സിനിമ സംവിധായികയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായും രംഗത്ത് വന്നിരുന്നതടക്കമുള്ള വിവാദങ്ങളാണ് രാജേഷ് കൃഷ്ണക്ക് തിരിച്ചടിയായത്. പാർട്ടി കോൺഗ്രസ്സിൽ രാജേഷ് പങ്കെടുക്കേണ്ടെന്ന തീരുമാനം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് അറിയിച്ചത്.
അതേസമയം സിപിഎമ്മിൽ തെറ്റ് തിരുത്തൽ താഴേതട്ട് വരെ എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്ന സംഘടനരേഖ പുറത്തുവന്നിട്ടുണ്ട്. ഗാർഹിക പീഡനം, സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങി പ്രവണതകൾ ഉണ്ടെന്നാണ് കുറ്റപ്പെടുത്തൽ. പിബി താഴേതലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതൾ ഉണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.