
ന്യൂഡല്‍ഹി : രാജ്യത്ത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടു. ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം, ഉച്ച വരെ ആയിരത്തിലേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, യുപിഐ ആപ്പുകള്‍ ഡൗണ്‍ ആവാനുള്ള കാരണം വ്യക്തമല്ല.
ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങളില്‍ തടസ്സം നേരിടുന്നത്. ദൈനംദിന ഇടപാടുകള്‍ക്കായി യുപിഐ പ്ലാറ്റ്ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്.
ഇതിനു മുന്‍പ് ഏപ്രില്‍ 2നും മാര്‍ച്ച് 26നും ഡൗണ്‍ഡിറ്റക്ടറില്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.