തീരാത്ത തീരുവ കലഹം ; അമേരിക്കന്‍ മദ്യത്തിന് ഇന്ത്യ 150% തീരുവ ചുമത്തുന്നുവെന്ന് യുഎസ്

വാഷിംഗ്ടണ്‍ : ഉയര്‍ന്ന നികുതിയുടെ പേരില്‍ ഇന്ത്യയെ വീണ്ടും കുറ്റപ്പെടുത്തി അമേരിക്ക. അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തിയതായി ചൂണ്ടിക്കാട്ടിയാണ് കുറ്റപ്പെടുത്തല്‍. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളെക്കുറിച്ച് പരാമര്‍ശിച്ചത്.

”കാനഡ പതിറ്റാണ്ടുകളായി അമേരിക്കന്‍ ഐക്യനാടുകളെയും കഠിനാധ്വാനികളായ അമേരിക്കക്കാരെയും പിഴുതെറിയുകയാണ്. അമേരിക്കന്‍ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും മേല്‍ കാനഡക്കാര്‍ ചുമത്തുന്ന തീരുവകളുടെ നിരക്കുകള്‍ പരിശോധിച്ചാല്‍, അത് വളരെ ഭയാനകമാണ്. നിങ്ങള്‍ ഇന്ത്യയിലേക്ക് നോക്കൂ, അമേരിക്കന്‍ മദ്യത്തിന് 150% താരിഫ്. അത് കെന്റക്കി ബര്‍ബണ്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 100% തീരുവ. ജപ്പാനിലേക്ക് നോക്കൂ, അരിക്ക് 700% താരിഫ് ചുമത്തുന്നു,’ ലീവിറ്റ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല, യുഎസിന്റെ തീരുവ യുദ്ധത്തെ ന്യായീകരിക്കാന്‍ ഇന്ത്യ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവകള്‍ കാണിക്കുന്ന ഒരു ചാര്‍ട്ടും ലീവിറ്റിന്റെ കൈവശമുണ്ടായിരുന്നു.

ഇന്ത്യയുടെ ഉയര്‍ന്ന തീരുവ ചൂണ്ടിക്കാട്ടി ട്രംപ് മുമ്പും ഇന്ത്യക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചതായി അദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ ഇത് പൂര്‍ണമായും ഇന്ത്യ അംഗീകരിച്ചിട്ടില്ല.
അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു

More Stories from this section

family-dental
witywide