
വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ : യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി യുഎസും റഷ്യയും. ചര്‍ച്ച വിജയകരമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സന്നദ്ധത റഷ്യ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. തുടര്‍ ചര്‍ച്ചകള്‍ക്കായുള്ള അടുത്ത സംഘത്തെ വൈകാതെ നാമനിര്‍ദേശം ചെയ്യുമെന്ന് ഇന്നത്തെ ചര്‍ച്ചയെത്തുടര്‍ന്ന് തീരുമാനമായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ചർച്ച.
ചൊവ്വാഴ്ച, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ‘യുക്രെയ്‌നിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ഒരു വഴി തുറക്കാന്‍ അതത് ഉന്നതതല ടീമുകളെ നിയമിക്കാന്‍’ സമ്മതിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
സൗദി അറേബ്യയില്‍ ചര്‍ച്ചകള്‍ നടത്തിയ സംഘത്തില്‍ യുക്രെയ്ന്‍ പ്രതിനിധിയോ യൂറോപ്യന്‍ യൂണിയനോ ഇല്ലാതിരുന്നത് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തങ്ങളില്ലാതെ തീരുമാനങ്ങള്‍ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ ചോദിച്ചിരുന്നു.
അതേസമയം, 2022 ല്‍ ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷമുള്ള ആദ്യത്തെ ഉന്നതതല ഔദ്യോഗിക യോഗമായിരുന്നു ഇന്ന് നടന്നത്. യുഎസ്-റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ റിയാദില്‍ നടന്ന സമ്മേളനത്തില്‍ നിന്നും പക്ഷേ, യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച തീയതിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല.
എന്നാല്‍, റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ‘ഒരു കൂടിയാലോചനാ സംവിധാനം സ്ഥാപിക്കാന്‍’ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ടെന്നും ഭാവി സഹകരണത്തിന് അടിത്തറയിടുമെന്നും വാഷിംഗ്ടണ്‍ വ്യക്തമാക്കി.