
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് ശേഷം ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന്‍റെ പേരിൽ ഡോണൾഡ് ട്രംപിന് കോടതിയിൽ നിന്നുള്ള തിരിച്ചടി തുടരുന്നു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതിയും തള്ളി. പൗരത്വ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെര്‍ക്യൂട്ട് അപ്പീല്‍സ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചതോടെ പ്രസിഡന്റ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടിയായി.
നേരത്തെ കീഴ്‌കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൗസ് അപ്പീല്‍ കോടതിയെ സമീപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ എളുപ്പമല്ലെന്നു വ്യക്തമാവുകയാണ്. ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും.
അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പായാല്‍ അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രാംപിന്റെ ഉത്തരവ് നടപ്പായാല്‍ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യു എസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.