
ഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് യു എസ് ഭരണകൂടത്തിൽ നിന്ന് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. നാടുകടത്താനുള്ള അന്തിമ ഉത്തരവായിട്ടുള്ള 295 ഇന്ത്യാക്കാരാണ് ഇപ്പോൾ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലുള്ളതെന്നും രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
ജനുവരി മുതൽ 388 ഇന്ത്യാക്കാരെയാണ് അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ അമേരിക്ക നാടുകടത്തിയത്. ഫെബ്രുവരി 5 ന് എത്തിയ വിമാനത്തിലെ സ്ത്രീകളടക്കമുള്ളവരെ വിലങ്ങണിയിച്ചതിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് സൈനിക വിമാനത്തിൽ നാടുകടത്തപ്പെടുന്നവരെ കൈവിലങ്ങും കാൽ ചങ്ങലയും അണിയിക്കുന്നതെന്നും സ്ത്രീകളെയും കുട്ടികളെയും ഈ നിബന്ധനയിൽ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും വിമാനത്തിലെ ഫ്ലൈറ്റ് ഓഫീസറാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുന്നത് എന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
2012 നവംബർ മുതൽ പ്രാബല്യത്തിലുള്ള ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ചാണ് യു എസ് അധികൃതർ നാടുകടത്തൽ നടപ്പിലാക്കുന്നതെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയെ അറിയിച്ചു. നാടുകടത്തപ്പെടുന്നവരോട് മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അമേരിക്കൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി, ഡോ. ജോൺ ബ്രിട്ടാസ് എം പിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.